ജപ്പാനിൽ നിന്നുള്ള ഒരു പുതിയ കണ്ടുപിടിത്തം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മനുഷ്യനെ കുളിപ്പിച്ച് ഉണക്കാൻ കഴിയുന്ന ഒരു വാഷിംഗ് മെഷീൻ! ‘മിറായ് നിങ്കേൻ സെന്റകുകി’ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക സംവിധാനം വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് ഒരാളെ പൂർണമായും കഴുകി വൃത്തിയാക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ കൃത്രിമബുദ്ധി (എഐ) ആണ് ഈ മെഷീന്റെ പ്രവർത്തനത്തിന് പിന്നിൽ.
ഒസാക്ക ആസ്ഥാനമായുള്ള സയൻസ് കോ എന്ന ഷവർഹെഡ് കമ്പനിയാണ് ഈ അത്ഭുത മെഷീൻ വികസിപ്പിച്ചെടുത്തത്. ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റ് പോലെ തോന്നിപ്പിക്കുന്ന രൂപകൽപ്പനയാണ് ഇതിനുള്ളത്. മനുഷ്യനെ വൃത്തിയായി കുളിപ്പിക്കാൻ വാട്ടർ ജെറ്റുകളും മൈക്രോസ്കോപിക് എയർ ബബിളുകളും ഉപയോഗിക്കുന്നു. ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിക്കനുസരിച്ചാണ് മെഷീന്റെ പ്രവർത്തനം ക്രമീകരിക്കുന്നത്.
ഈ അത്യാധുനിക മെഷീനിൽ കയറിക്കഴിഞ്ഞാൽ, എഐ നിയന്ത്രിത ഹൈസ്പീഡ് വാട്ടർ ജെറ്റുകൾ മൈക്രോസ്കോപിക് ബബിളുകൾ പുറപ്പെടുവിച്ച് ശരീരത്തിലെ അഴുക്കുകളെ നീക്കം ചെയ്യും. എന്നാൽ ഇത് വെറും ഒരു കുളി മാത്രമല്ല. കുളിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലും ഈ മെഷീൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വൈകാരിക ചിന്തകൾ വിശകലനം ചെയ്ത്, ആശ്വസിപ്പിക്കാനും വിശ്രമിക്കാനുമായി മെഷീനിനുള്ളിൽ പ്രത്യേക ദൃശ്യങ്ങൾ പ്രദർശിപ്പിക്കും. ഒസാക്ക കൻസായി എക്സ്പോയിൽ ഈ മെഷീൻ പ്രദർശിപ്പിക്കുമെന്നും, ആയിരത്തോളം പേർക്ക് ഇതിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സയൻസ് കോ കമ്പനി ഇപ്പോൾ തന്നെ ഈ മെഷീന്റെ ഹോം യൂസ് എഡിഷൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. പ്രീ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ വീടുകളിലും ഈ അത്യാധുനിക കുളി മെഷീൻ കാണാനാകുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം സാങ്കേതിക വിദ്യകൾ മനുഷ്യജീവിതത്തെ എത്രമാത്രം സ്വാധീനിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Story Highlights: Japan unveils AI-powered washing machine that can bathe and dry humans in 15 minutes