ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനായോഗത്തിൽ പങ്കെടുത്ത ശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം നടന്ന സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ഖലിസ്ഥാൻ അനുകൂലികളാണ് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.കെ. നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിഘടനവാദികളുടെ പ്രകോപനപരമായ നടപടികളെയും ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗത്തെയും ഇന്ത്യ അപലപിച്ചു. മന്ത്രിയുടെ കാറിലേക്ക് പാഞ്ഞടുത്ത പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. നയതന്ത്ര ഉത്തരവാദിത്തങ്ങൾ യു.കെ. പൂർണ്ണമായും നിറവേറ്റുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഖലിസ്ഥാൻ അനുകൂലികൾ വേദിക്ക് സമീപം ഒത്തുകൂടി മുദ്രാവക്യങ്ങൾ മുഴക്കി. കയ്യിലുണ്ടായിരുന്ന ഇന്ത്യൻ ദേശീയ പതാക കീറി എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ലണ്ടൻ പോലീസ് നോക്കിനിൽക്കെയാണ് ഖലിസ്ഥാൻ അനുകൂലികൾ ഖലിസ്ഥാൻ പതാകയേന്തി മുദ്രാവാക്യം വിളിച്ചതും ഇന്ത്യൻ പതാകയെ അവഹേളിച്ചതും. ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഒരു ഖലിസ്ഥാൻ അനുകൂലി പാഞ്ഞടുത്തു.
സംഭവത്തിൽ യു.കെ. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തിയതിൽ യു.കെ.യ്ക്ക് ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു.
Story Highlights: India condemns the attempted attack on External Affairs Minister S. Jaishankar during his visit to the UK.