ആദായ നികുതി വകുപ്പ് നികുതി ദായകരോട് 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതിയായ നാളെ (2024 ജൂലൈ 31) വരെ ഫയലിംഗ് പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. പിഴയൊടുക്കുന്നത് ഒഴിവാക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നും വകുപ്പ് അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈ 26 വരെ 5 കോടി പേർ മാത്രമാണ് റിട്ടേൺ സമർപ്പിച്ചത്.
വെബ്സൈറ്റിൽ നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം പലർക്കും റിട്ടേൺ സമർപ്പിക്കാൻ സാധിച്ചില്ല. ഒടിപി ലഭിക്കാത്തതാണ് പ്രധാന പരാതി. ഈ സാഹചര്യത്തിൽ രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങൾ റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ സമയം നീട്ടിനൽകുമെന്ന് തോന്നുന്നില്ല.
ആദായ നികുതി വകുപ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച് റിട്ടേൺ സമർപ്പിക്കാൻ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂവെന്ന് ഓർമ്മിപ്പിച്ചു. ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 18001030025, 18004190025 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ സഹായം തേടാവുന്നതാണ്.
Story Highlights: Income Tax Return filing deadline is July 31, 2024 for the financial year 2023-24