ബഹിരാകാശത്തെ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന് പുതിയൊരു അധ്യായം കൂട്ടിച്ചേർത്തിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ).
തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്യു) വികസിപ്പിച്ച ‘നടക്കും യന്ത്രക്കൈ’ എന്ന സവിശേഷ ഉപകരണത്തിന്റെ ആദ്യ ബഹിരാകാശ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പിഎസ്എൽവി സി 60 ദൗത്യത്തിന്റെ ഭാഗമായി നടത്തിയ ഈ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.
‘റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ’ എന്ന് സാങ്കേതികമായി വിളിക്കപ്പെടുന്ന ഈ യന്ത്രക്കൈ, ഭാവിയിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള സംവിധാനത്തിന്റെ പ്രാഥമിക മാതൃകയാണ്.
ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സ്വയം നീങ്ങി, നിരീക്ഷണങ്ങളും അറ്റകുറ്റപ്പണികളും നടത്താൻ കഴിവുള്ള വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. സ്പേസ്എക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയാണ് ഈ പരീക്ഷണം നടത്തിയത്.
പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ അഥവാ ‘പോയം’ എന്നറിയപ്പെടുന്ന ഈ പദ്ധതിയിൽ, നാലാമത്തെ തവണയാണ് ഒരു പിഎസ്എൽവിയുടെ അവസാനഘട്ടത്തെ ഇത്തരത്തിൽ ബഹിരാകാശത്ത് നിലനിർത്തുന്നത്.
‘പോയം നാല്’ എന്ന ഈ ദൗത്യത്തിൽ ഇനിയും നിരവധി സുപ്രധാന പരീക്ഷണങ്ങൾ നടക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബഹിരാകാശ മാലിന്യം നീക്കം ചെയ്യാനായി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) വികസിപ്പിച്ച ‘ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ’ എന്ന മറ്റൊരു ബഹിരാകാശ റോബോട്ടിന്റെ പരീക്ഷണം. ഈ പരീക്ഷണവും അടുത്ത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: ISRO successfully tests its first space robotic arm, paving the way for future space station operations.