ശ്രീഹരിക്കോട്ട ◾: ഐഎസ്ആർഒയുടെ നൂറ്റിയൊന്നാമത് ബഹിരാകാശ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. പിഎസ്എൽവി സി 61 വിക്ഷേപണത്തിന് ഐഎസ്ആർഒ സജ്ജമായിരിക്കുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 നെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. നാളെ രാവിലെ 5.59ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്.
നാളെ നടക്കാനിരിക്കുന്ന ഈ വിക്ഷേപണം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ ദൗത്യമാണ്. ഐഎസ്ആർഒയുടെ ഈ സുപ്രധാന നാഴികക്കല്ല് പിഎസ്എൽവി-സി 61 ഉപയോഗിച്ചുള്ള 101-ാമത് ദൗത്യമാണ്. ഈ ദൗത്യം ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ സൂര്യനുമായി സ്ഥിരമായ വിന്യാസം നിലനിർത്തുന്ന ഒരു പ്രത്യേക തരം ധ്രുവ ഭ്രമണപഥമായ സൂര്യ-സമന്വയ ധ്രുവ ഭ്രമണപഥത്തിൽ (SSPO) സ്ഥാപിക്കും. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 17 മിനിറ്റിനുള്ളിൽ തന്നെ ഇഒഎസ് – 09നെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 1,710 കിലോഗ്രാം ഭാരമുണ്ട് ഈ ഉപഗ്രഹത്തിന്. EOS-09 എന്നറിയപ്പെടുന്ന RISAT-1B, അത്യാധുനിക സി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ്. ഈ ഉപഗ്രഹം പകലും രാത്രിയും എല്ലാ കാലാവസ്ഥയിലും ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്.
ഈ ഉപഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പരമ്പരാഗത ഒപ്റ്റിക്കൽ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ പരിമിതികളെ മറികടക്കാൻ ഇതിന് സാധിക്കും എന്നതാണ്. ചെറിയ വസ്തുക്കളെ കണ്ടെത്താൻ കഴിവുള്ള അൾട്രാ-ഹൈ-റെസല്യൂഷൻ സ്കാനുകൾ മുതൽ വിശാലമായ നിരീക്ഷണത്തിനായി വൈഡ്-ഏരിയ കവറേജ് വരെയുള്ള അഞ്ച് ഇമേജിംഗ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. 5 വർഷമാണ് ഇഒഎസ്-09ന്റെ ആയുസ് പ്രതീക്ഷിക്കുന്നത്.
അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ, കൃഷി, വനം, വെള്ളപ്പൊക്ക നിരീക്ഷണം, നഗര ആസൂത്രണം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഈ ഉപഗ്രഹത്തിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിക്കാം. EOS 09 ഉപഗ്രഹം രാജ്യസുരക്ഷയ്ക്കും കാർഷിക മേഖലയ്ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വിവരങ്ങൾ നൽകുന്നതാണ്. അതിനാൽ തന്നെ ഈ ദൗത്യം ഐഎസ്ആർഒയുടെ സുപ്രധാന നാഴികക്കല്ലായി മാറും.
ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് ഐഎസ്ആർഒ ഒരു വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്. പിഎസ്എൽവി സി 61 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ബഹിരാകാശ രംഗത്ത് പുതിയൊരു നാഴികകല്ല് കൂടി സ്ഥാപിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: ഐഎസ്ആർഒയുടെ പിഎസ്എൽവി സി 61 ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 നാളെ വിക്ഷേപിക്കും.