ശ്രീഹരിക്കോട്ട ◾: നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാർ’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് GSLV എഫ്-16 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഈ ദൗത്യം ഇന്ത്യയും നാസയും തമ്മിലുള്ള സഹകരണത്തിന് പുതിയൊരു നാഴികക്കല്ലായിരിക്കും.
നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ച ഈ ഉപഗ്രഹം, ഇതുവരെ ഐ.എസ്.ആർ.ഒ വിക്ഷേപിച്ചതിൽ ഏറ്റവും ചിലവേറിയതാണ്. ഏകദേശം 13000 കോടി രൂപയാണ് ഇതിൻ്റെ നിർമ്മാണ ചിലവ്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ സാധിക്കുന്ന ഈ ഉപഗ്രഹം ഭൗമോപരിതലത്തിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ച് വിവരങ്ങൾ നൽകുന്നതാണ്.
ഓരോ 12 ദിവസത്തിലും രാപ്പകൽ ഭേദമില്ലാതെ ഭൂമിയെ നിരീക്ഷിച്ച് ഉയർന്ന റെസല്യൂഷനിലുള്ള വിവരങ്ങൾ നൈസാർ കൈമാറും. രണ്ട് ഫ്രീക്വൻസിയിലുള്ള റഡാർ സംവിധാനങ്ങളാണ് ഇതിലുള്ളത്. നാസയുടെ എൽ (L) ബാൻഡ് റഡാറും ഐ.എസ്.ആർ.ഒയുടെ എസ് (S) ബാൻഡ് റഡാറും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, വനനശീകരണം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ഈ ഉപഗ്രഹത്തിലൂടെ സാധിക്കും. ഇതിലൂടെ കൃഷിയിടങ്ങളിലെ മണ്ണിലെ ഈർപ്പം, വിളകളുടെ വളർച്ച എന്നിവയും നിരീക്ഷിക്കാൻ കഴിയും. 12 വർഷക്കാലം ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി പ്രവർത്തിച്ചാണ് നൈസാർ യാഥാർഥ്യമാക്കിയത്.
ഇന്ത്യയിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിന് നൈസാർ വലിയ രീതിയിൽ സഹായിക്കും. ഭൗമ നിരീക്ഷണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ ഈ ഉപഗ്രഹ വിക്ഷേപണത്തിലൂടെ സാധിക്കും. ഈ ദൗത്യം ഇന്ത്യയും നാസയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകമാകും.
ഈ ദൗത്യം വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാന പഠനത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഇത് ഒരു മുതൽക്കൂട്ടാകും. കൃത്യമായ വിവരശേഖരണം ഉറപ്പാക്കുന്നതിലൂടെ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയും.
Story Highlights : Isro successfully launches Nisar mission