ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിജയകരമായി ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08 വിക്ഷേപിച്ചു. സ്മോൾ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV-D3) ഉപയോഗിച്ചാണ് ഈ ദൗത്യം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 9.17ന് EOS-08 കുതിച്ചുയർന്നു.
എസ്എസ്എൽവിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ വിക്ഷേപണമായിരുന്നു ഇത്. 175.5 കിലോഗ്രാം ഭാരമുള്ള EOS-08 ഉപഗ്രഹത്തിൽ മൂന്ന് നിരീക്ഷണ ഉപകരണങ്ങളുണ്ട്. ഒരു വർഷമാണ് ഈ ഉപഗ്രഹത്തിന്റെ പ്രവർത്തന കാലാവധി. റോക്കറ്റ് കൃത്യമായി ഉപഗ്രഹത്തെ ഓർബിറ്റിലെത്തിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് സ്ഥിരീകരിച്ചു.
പിഎസ്എൽവിയ്ക്കും ജിഎസ്എസ്എൽവിയ്ക്കും പുറമേ ഐഎസ്ആർഒ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. ഈ വിക്ഷേപണത്തോടെ എസ്എസ്എൽവി ദൗത്യങ്ങൾ പൂർണമായതായും സോമനാഥ് കൂട്ടിച്ചേർത്തു. ഇതോടെ ഐഎസ്ആർഒയുടെ ചെറു ഉപഗ്രഹ വിക്ഷേപണ ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതി വിജയകരമായി പൂർത്തിയായി.
Story Highlights: ISRO successfully launches Earth Observation Satellite EOS-08 using SSLV-D3