ഇസ്രായേൽ സൈന്യം ഇറാന് കനത്ത തിരിച്ചടി നൽകാൻ ഒരുങ്ങുന്നു. ഇറാനിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജമാണെന്ന് അറിയിച്ചു. കൂടാതെ, ഇറാന്റെ മിസൈൽ വിക്ഷേപണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു.
ഇസ്രായേൽ പ്രതിരോധ മന്ത്രി ശനിയാഴ്ച നടത്തിയ പ്രസ്താവനയിൽ, ഇസ്രായേൽ പൗരന്മാരെ ദ്രോഹിച്ചാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുമായുള്ള വിലയിരുത്തൽ യോഗത്തിന് ശേഷമാണ് പ്രതിരോധ മന്ത്രി കാറ്റ്സ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ മിസൈൽ വിക്ഷേപണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഇന്റലിജൻസ് ഡയറക്ടറേറ്റ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.
ഇസ്രായേൽ വ്യോമസേന നടത്തിയ ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ തുടക്കത്തിൽ ഇറാനിയൻ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് നേതൃത്വം നൽകിയ ഒമ്പത് മുതിർന്ന ശാസ്ത്രജ്ഞരെയും വിദഗ്ദ്ധരെയും ഇല്ലാതാക്കിയെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ടെൽ അവീവിലെ വിവിധയിടങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ തകർത്തുവെന്നും ഇറാൻ അവകാശപ്പെട്ടു. ഇസ്രായേലി പ്രതിരോധ ആസ്ഥാനം ഉൾപ്പെടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെട്ടു.
ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്രായേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങൾ ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടു.
Story Highlights : Israel army will give heavy blow to Iran