പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് ഇറാൻ ഇസ്രയേലിന് മേൽ 200-ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത്. എന്നാൽ, ആക്രമണത്തിൽ കാര്യമായ ആൾനാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി. താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കാൻ നടപടികൾ ആരംഭിച്ച് ഇറാൻ. വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ടെഹ്റാൻ അന്തരാഷ്ട്ര വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും യുദ്ധസന്നാഹത്തിലേക്ക് നീങ്ങുന്നതിനാൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നു.
Story Highlights: Israel vows immediate retaliation against Iran’s missile attacks, escalating tensions in the Middle East