ഗസ്സയെ പൂര്ണ്ണമായി ഒഴിപ്പിച്ച് ദുബായ് മോഡലില് പറുദീസയാക്കുമെന്ന ട്രംപിന്റെ വൈറല് വീഡിയോയ്ക്ക് പിന്നാലെ, സമാനമായ ഒരു എഐ വീഡിയോയുമായി ഇസ്രയേല് മന്ത്രി രംഗത്ത്. ഗസ്സയെ പൂര്ണ്ണമായി ഒഴിപ്പിച്ച് അവിടെ ട്രംപ് ടവര് സ്ഥാപിക്കുമെന്ന തരത്തിലുള്ള വീഡിയോയാണ് ഇസ്രയേലിലെ ഐടി മന്ത്രി ജില ഗാംലിയേല് പങ്കുവെച്ചത്. ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായി നടന്ന ഹമാസ് ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് എഐ നിർമ്മിത വീഡിയോ ആരംഭിക്കുന്നത്. യുദ്ധത്തില് തകര്ന്ന ഗസ്സയെ പുനര്നിര്മ്മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും മന്ത്രി പറയുന്നു.
ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള് അംബരചുംബികളായ കെട്ടിടങ്ങള്ക്ക് വഴിമാറുന്നതും ദുബായ് മാതൃകയിലുള്ള കെട്ടിട സമുച്ചയങ്ങള് ഉയരുന്നതും വീഡിയോയില് കാണാം. തെരുവോരങ്ങള് വിദേശ വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്നു. ഒരു ബീച്ച് വെക്കേഷന് ആസ്വദിക്കാന് യുവാക്കള് പുത്തന് ഗസ്സയിലേക്ക് എത്തുന്നു. വിദേശികള്ക്കായി പഞ്ചനക്ഷത്ര ഹോട്ടലുകള് ഉയരുന്നു, ബാറുകള് തുറക്കുന്നു.
ഇസ്രായേൽ മന്ത്രി ഗാമ്ലിയേൽ ഗസ്സൻ ജനതയുടെ സമ്മതത്തോടെ അവരെ പൂർണ്ണമായി മറ്റൊരിടത്ത് പുനരധിവസിപ്പിച്ച് ഗസ്സ മുനമ്പിന്റെ മുഖച്ഛായ മാറ്റണമെന്ന് ആവശ്യപ്പെടുന്നു. 2023 ഒക്ടോബർ 13-ന് മന്ത്രി ഗാംലിയേൽ ഗസ്സ പുനർനിർമ്മിക്കാനും ഗസ്സൻ ജനതയെ ഒഴിപ്പിക്കാനുമുള്ള പദ്ധതി രേഖ ഇസ്രായേൽ സുരക്ഷാ കാബിനറ്റിന് സമർപ്പിച്ചതായാണ് വീഡിയോയിലെ അവകാശവാദം. ഇതിന്റെ പിഡിഎഫ് പതിപ്പ് മന്ത്രി എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗസ്സയുടെ ഒഴിപ്പിക്കൽ പൂർത്തിയായാൽ ഇതായിരിക്കും ഗസ്സ മുനമ്പിന്റെ ഭാവിയെന്നും മന്ത്രി കുറിച്ചു.
ട്രംപിന്റെ ഗസ്സന് പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ കാര്യങ്ങൾ മാറുമെന്നും വീഡിയോ പറയുന്നു. ട്രംപും മെലാനിയ ട്രംപും കടൽക്കാറ്റേറ്റ് നടക്കുന്നു, ഗാംലിയേലും നെതന്യാഹുവും കാഴ്ചകൾ ആസ്വദിക്കുന്നു. പുരോഗതിയുടെ അടയാളമായി ഗസ്സൻ തീരത്ത് ട്രംപ് ടവർ ഉയരുന്നു.
യുദ്ധാനന്തര ഗസ്സയുടെ ഭാവിക്കായി ഗാംലിയേൽ മൂന്ന് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഗസ്സൻ ജനതയെ അവിടെത്തന്നെ നിലനിർത്തി പലസ്തീൻ അതോറിറ്റി ഭരണം പുനഃസ്ഥാപിക്കുക, ഇസ്രയേലിന്റെ സൈനിക നിയന്ത്രണത്തോടെ ഒരു ഇസ്ലാമിതര അറബ് നേതൃത്വം ഗസ്സയിൽ സ്ഥാപിക്കുക, അല്ലെങ്കിൽ ഗസ്സൻ ജനത പുനരധിവാസ പ്രക്രിയകളോട് സഹകരിക്കുക എന്നിവയാണവ. ഇതിൽ മൂന്നാമത്തെ ഓപ്ഷൻ സ്വീകരിക്കപ്പെടുന്നതോടെ ഗസ്സ ഒരു പറുദീസയായി മാറുമെന്നാണ് എഐ വീഡിയോയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
חשיפה : כך עזה תראה בעתיד.
הגירת עזתים מרצון רק עם טראמפ ונתניהו.זה אנחנו או – הם !
לינק לתוכנית ההגירה מרצון מעזה שהגשתי לקבינט בשבוע הראשון למלחמת 'חרבות ברזל' 13.10.23 בתגובה הראשונה. pic.twitter.com/kdPXcONmQl
— גילה גמליאל – Gila Gamliel (@GilaGamliel) July 22, 2025
പുതിയ ഗസ്സൻ മുനമ്പിൽ ഇസ്രയേലിന്റെ പതാകയ്ക്കൊപ്പം ഇസ്ലാമിക് വിപ്ലവത്തിന് മുൻപുള്ള ഇറാൻ പതാക കൂടി പാറുന്നതായി കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ഇതിനെ ബാക് ടു ഫ്യൂച്ചർ എന്നാണ് ഗാംലിയേൽ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ എഐ വീഡിയോ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ ഇസ്രയേൽ മന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ട്രംപിന്റെ ഗസ്സ എഐ വീഡിയോ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ വീഡിയോ ആയിരുന്നുവെന്ന് അതിന്റെ ക്രിയേറ്റർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്രയേൽ മന്ത്രി വീഡിയോ പങ്കുവെച്ചത് കേവലം സർക്കാസം ആയിട്ടല്ലെന്ന് വീഡിയോ കാണുന്ന ഏതൊരാൾക്കും വ്യക്തമാകും.
story_highlight: ഗസ്സയെ ഒഴിപ്പിച്ച് ട്രംപ് ടവർ സ്ഥാപിക്കുമെന്ന എഐ വീഡിയോ പങ്കുവെച്ച് ഇസ്രായേൽ മന്ത്രി വിവാദത്തിൽ.