ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ വ്യാപക സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. സർക്കാരിന്റെ പ്രധാന വിവരങ്ങൾ ചോർന്നതായും ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായതായും വിവരം. ഇറാൻ സർക്കാരിന്റെ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ എന്നിവയ്ക്ക് നേരെയാണ് കനത്ത സൈബർ ആക്രമണം ഉണ്ടായത്. ഇറാന്റെ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി ഈ വിവരം പുറത്തുവിട്ടു.
ആണവ സൗകര്യങ്ങൾ, ഇന്ധന വിതരണം, മുനിസിപ്പൽ നെറ്റ്വർക്കുകൾ, ഗതാഗത ശൃംഖലകൾ, തുറമുഖങ്ങൾ തുടങ്ങിയവയും ആക്രമണത്തിന് ഇരയായതായി ഫിറൂസാബാദി വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് ഇറാന്റെ 200 മിസൈൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ഈ സൈബർ ആക്രമണം നടന്നത്.
അതേസമയം, ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികൾക്കും കപ്പലുകൾക്കും പുതിയ ഉപരോധങ്ങൾ ചുമത്തി യു.എസ്. നടപടി സ്വീകരിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോകെമിക്കൽ വ്യവസായമേഖല എന്നിവയ്ക്കാണ് യു.എസ്. പുതിയ വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ മിസൈൽ പദ്ധതികൾക്കും പ്രാദേശിക സേനകൾക്കുമുള്ള സാമ്പത്തിക സഹായം കുറയ്ക്കുക എന്നതാണ് യു.എസിന്റെ പ്രധാന ലക്ഷ്യം.
Story Highlights: Cyber attack on Iran following Israel’s warning, targeting government information and nuclear facilities