ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി ബൗളർമാർക്ക് സന്തോഷവാർത്ത. പന്തിന്റെ തിളക്കം നിലനിർത്താനും കൂടുതൽ സ്വിങ് ലഭിക്കാനുമായി പന്തിൽ തുപ്പൽ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കി. 2020-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഐസിസി ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ഐപിഎല്ലിൽ കൊൽക്കത്തയും ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.
2022-ൽ സ്ഥിരമാക്കിയ ഈ വിലക്ക് നീക്കുന്നത് ബൗളർമാർക്ക് ആശ്വാസമാകും. മത്സരങ്ങളിൽ ബോളിന് സ്വിങും റിവേഴ്സ് സ്വിങും ലഭിക്കുന്നതിനായാണ് ബൗളർമാർ പന്തിൽ ഉമിനീർ പുരട്ടുന്നത്. ഇതിന് ഐ പി എല്ലിൽ നേരത്തെ വിലക്ക് ഉണ്ടായിരുന്നു.
ഐപിഎല്ലിൽ ബൗളർമാർക്ക് ആശ്വാസം പകരുന്ന മറ്റൊരു പുതിയ നിയമവും കൊണ്ടുവന്നിട്ടുണ്ട്. രാത്രിയിൽ നടക്കുന്ന മത്സരങ്ങളിൽ രണ്ടാമിന്നിങ്സിലെ 11-ാം ഓവറിൽ രണ്ടാമത്തെ ന്യൂബോൾ ഉപയോഗിക്കാൻ അനുമതി നൽകും. റൺചേസിൽ മഞ്ഞുവീഴ്ചയുടെ ആനുകൂല്യം ബാറ്റിങ് ടീമിന് ലഭിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.
രണ്ടാമത്തെ ന്യൂബോൾ കളിയിൽ കൊണ്ടുവരണമോ വേണ്ടയോ എന്നതിന്റെ അന്തിമ തീരുമാനം അംപയർക്കാണ്. വ്യാഴാഴ്ച ബിസിസിഐ ആസ്ഥാനത്ത് നടന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ് പുതിയ നിയമങ്ങളുടെ പ്രഖ്യാപനം. ബാറ്റ്സ്മാന്മാർക്ക് നിരന്തരം ബൗണ്ടറികൾ നേടാൻ കഴിയുന്ന ഐപിഎല്ലിൽ ഈ നിയമങ്ങൾ ബൗളർമാർക്ക് തുണയാകും.
Story Highlights: Bowlers in IPL 2025 can now use saliva on the ball, and a new rule allows for a second new ball in the 11th over of the second innings of night matches.