ഐഎൻടിയുസി ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരത്തെ പിന്തുണയ്ക്കുന്നതായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വ്യക്തമാക്കി. കെപിസിസി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ചന്ദ്രശേഖരന്റെ നിലപാട് മാറ്റം.
ആശാ വർക്കർമാരുടെ സമരം 56-ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 18-ാം ദിവസത്തിലും. സമരത്തോട് അനുഭാവപൂർണ്ണമായ സമീപനമാണ് തന്റേതെന്ന് ആർ. ചന്ദ്രശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു. സമര നേതാവ് എസ്. മിനി തന്നെ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷൻ വിശദീകരണം ചോദിച്ചു എന്ന വാർത്തയും ആർ. ചന്ദ്രശേഖരൻ നിഷേധിച്ചു. സമരത്തിനെതിരായ പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അദ്ദേഹം കെപിസിസിക്ക് ഉറപ്പ് നൽകി. ഇന്നലെ കെപിസിസി ഓഫീസിൽ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു.
സമരത്തെ വീണ്ടും ആക്ഷേപിച്ചാൽ ആർ. ചന്ദ്രശേഖരനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. ആശാ വർക്കർമാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു. സമരത്തെ പിന്തുണയ്ക്കുന്ന തരത്തിൽ പ്രവർത്തിക്കുമെന്നും ആർ. ചന്ദ്രശേഖരൻ ഉറപ്പ് നൽകി.
Story Highlights: INTUC reversed its stance and expressed support for the Asha workers’ strike after facing criticism from KPCC leadership.