അന്താരാഷ്ട്ര അനിമേഷൻ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിൽ സൗജന്യ ശില്പശാല സംഘടിപ്പിച്ചു. യൂനെസ്കോ അംഗമായ അസിഫ (ASIFA) 2002-ൽ ആരംഭിച്ച അന്താരാഷ്ട്ര അനിമേഷൻ ദിനാചരണം 22 വർഷം പൂർത്തിയാക്കുകയാണ്. അനിമേഷൻ സർഗാത്മക സൃഷ്ടികളെ അംഗീകരിക്കുന്നതിനും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനാചരണം. ലോക അനിമേഷൻ ഭൂപടത്തിൽ ഇന്ത്യക്ക് നിർണ്ണായക സ്ഥാനമുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുന്ന അനിമേഷൻ, ചലച്ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ എന്നിവയ്ക്ക് പുറമേ, പല വിശ്വവിഖ്യാതമായ വിദേശ നിർമ്മിത അനിമേഷൻ ചലച്ചിത്രങ്ങളുടേയും ടെലിവിഷൻ സീരിയലുകളുടെയും പിന്നാപ്പുറ ജോലികളും ഇന്ത്യൻ സ്റുഡിയോകളിലാണ് നടക്കുന്നത്.
അനിമേഷൻ, വിഎഫ്എക്സ് ഉൾപ്പെടുന്ന എവിജിസി മേഖലകളിലെ വമ്പിച്ച തൊഴിലവസരങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഈ വാരാഘോഷത്തിന്റെ ഭാഗമായി, തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ നവംബർ 13 ന് ടെക്നോപാർക്ക് ട്രാവൻകോർ ഹാളിൽ സൗജന്യ ശില്പശാല സംഘടിപ്പിച്ചു. അനിമേറ്റർ അസീം കാട്ടിൽ ശില്പശാല നയിച്ചു. യുഎക്സ് ഡിസൈനർമാരായ ഷൈനി സി.ബി യും സഞ്ജയ് പി.വി യും ഡിസൈൻ സാങ്കേതികവിദ്യയെ കുറിച്ച് അവതരണങ്ങൾ നടത്തി.
ഇന്ത്യ സ്കിൽസ് ജൂറി അംഗവും ടൂൺസ് അനിമേഷൻ അക്കാദമിക് ഹെഡുമായ വിനോദ് എ.എസ് അനിമേഷൻ വിഎഫ്എക്സ് സാങ്കേതിക നിർമ്മിതിയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. നൂറിലധികം അനിമേഷൻ വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ടൂൺസ് അനിമേഷൻ സിഒഒ പി.കെ. വിജയകുമാർ, ജോൺസൺ, സെന്റർ ഹെഡ് അജിത് കുമാർ, Docushot ജനറൽ സെക്രട്ടറി വിജുവർമ്മ എന്നിവരും ശിൽപ്പശാലയിൽ സന്നിഹിതരായിരുന്നു.
Story Highlights: International Animation Week celebrated with free workshop at Technopark Trivandrum, marking 22 years of ASIFA’s Animation Day