സ്മൃതി ഇറാനിയെ പിന്തുണച്ച് രാഹുൽ ഗാന്ധി; അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

Anjana

രാഹുൽ ഗാന്ധി സ്മൃതി ഇറാനിയെ പിന്തുണച്ച് രംഗത്തെത്തി. സ്മൃതി ഇറാനിയ്ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ബലഹീനതയാണെന്നും ശക്തിയല്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ജീവിതത്തിൽ ജയവും തോൽവിയുമുണ്ടാകാമെന്നും സ്മൃതി ഇറാനിയ്ക്കെതിരെ മാത്രമല്ല, ഒരു നേതാക്കൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലെ തോൽവിയ്ക്ക് പിന്നാലെ സ്മൃതി ഇറാനിയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചില ചിത്രങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ വന്നത്. ഇത് കോൺഗ്രസ് നേതാക്കൾക്ക് മാത്രമുള്ള നിർദേശമല്ലെന്നും, മുൻപ് രാഹുലിനെ പരിഹസിച്ച സ്മൃതി ഇറാനി ഉൾപ്പെടെയുള്ള എല്ലാ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള നിർദേശമാണെന്നും നിരവധി പേർ കമന്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കിഷോരി ലാൽ ശർമയോടാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്. 1.4 ലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ സ്മൃതിയുടെ പരാജയം. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ അവരുടെ തോൽവിയെ തുടർന്നുണ്ടായ പ്രതികരണങ്ങളാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് കാരണമായത്.