അതിരപ്പള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി മുറിവേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ പൂർത്തിയാക്കിയതായി ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു. ആനയുടെ മുറിവിന് ഒരടിയോളം താഴ്ചയുണ്ടായിരുന്നു. മയക്കുവെടി വെച്ച് മയങ്ങി കിടന്ന സമയം മുതലെടുത്ത് മസ്തകത്തിലെ പഴുപ്പ് പൂർണമായി നീക്കം ചെയ്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കാനായി.
ആനയുടെ ആദ്യഘട്ട ചികിത്സയ്ക്ക് ഒന്നര മാസം വേണ്ടിവരുമെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. നിലവിൽ ആന്റിബയോട്ടിക്കുകളും ഇൻജക്ഷനും ആനയ്ക്ക് നൽകിയിട്ടുണ്ട്. ആന പൂർണ ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട തുടർ ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും നിലവിൽ ശാന്തനായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെറ്റിലപ്പാറയിലെ ചിക്ലായിയിൽ നിന്നാണ് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിന് ഏഴാറ്റുമുഖം ഗണപതിയും ഒപ്പമുണ്ടായിരുന്നു. ചാലക്കുടിപ്പുഴ നീന്തിക്കടന്ന് ഇരുവരും കാലടി പ്ലാന്റേഷനിലേക്കാണ് പോയത്.
ഏഴാറ്റുമുഖം ഗണപതി അരികിൽ നിൽക്കെ മുറിവേറ്റ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. വെടിയേറ്റ ആന ഗണപതിക്കൊപ്പം അല്പദൂരം മുന്നോട്ടു നീങ്ങിയെങ്കിലും പതിയെ മയങ്ങി. ഒപ്പമുണ്ടായിരുന്ന ചങ്ങാതിക്ക് ആപത്തു പിണഞ്ഞു എന്ന് മനസ്സിലായ ഏഴാറ്റുമുഖം ഗണപതി പലകുറി മുറിവേറ്റ കൊമ്പനെ മയക്കത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചു.
ആന താഴെ വീണതും ഗണപതിയെ റബർ ബുള്ളറ്റ് പ്രയോഗിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. മുറിവിൽ മരുന്നു വെച്ചശേഷം കുങ്കികളെ ഉപയോഗിച്ച് ആനയെ ഉയർത്തി. അതിനിടയിൽ ആന എഴുന്നേറ്റെങ്കിലും കോന്നി സുരേന്ദ്രനും, കുഞ്ചുവും, വിക്രവും ചേർന്ന് ആനയെ തള്ളി അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. ഒരു മണിക്കൂറെടുത്താണ് ആനയെ കോടനാട് അഭയാരണ്യത്തിൽ എത്തിച്ചത്.
Story Highlights: Injured wild elephant in Athirappally receives initial treatment, says Dr. Arun Zakaria.