ഇൻഫിനിക്സ് നോട്ട് 50 എക്സ് എന്ന പുതിയ 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി. 11,499 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറാണുള്ളത്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് ഓപ്പറേറ്റിങ് സിസ്റ്റവും ഫോണിന്റെ പ്രത്യേകതയാണ്. 6GB RAM + 128GB, 8GB + 128GB എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുന്നത്.
8 ജിബി റാം വേരിയന്റിന് 12,999 രൂപയാണ് വില. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500 mAh ബാറ്ററിയും ഫോണിന്റെ പ്രത്യേകതയാണ്. 15000 രൂപയിൽ താഴെ വിലയുള്ള ഫീച്ചർ റിച്ച് 5ജി ഫോണുകൾക്കായി തിരയുന്ന ഉപഭോക്താക്കളെയാണ് ഇൻഫിനിക്സ് ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക് ഫിനിഷിങ്ങിലാണ് ഫോൺ എത്തിയിരിക്കുന്നതെങ്കിലും പ്രീമിയം ഡിസൈനാണ് ഇതിനുള്ളത്. ഫോണിന്റെ കരുത്തിന് മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 6.67 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
50 എംപി മെയിൻ ക്യാമറയും 8 എംപി സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ജെം–കട്ട് ക്യാമറ മൊഡ്യൂളും ഹാലോ ലൈറ്റ് റിങ്ങുമാണ് ഫോണിന്റെ മറ്റൊരു ആകർഷണം. ചാർജിങ്, നോട്ടിഫിക്കേഷൻ, ഗെയിമിങ് എന്നിവയ്ക്കനുസരിച്ച് ഈ ലൈറ്റ് മാറും.
Story Highlights: Infinix has launched its new budget 5G smartphone Note 50 X in India.