Sadakhlo (Georgia)◾: കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയ സന്ദർശിക്കാനെത്തിയ ഇന്ത്യൻ വിനോദസഞ്ചാരികൾക്കെതിരെ മനുഷ്യത്വരഹിതമായ പെരുമാറ്റമുണ്ടായതായി പരാതി. മതിയായ യാത്രാ രേഖകളുണ്ടായിട്ടും അതിർത്തിയിൽവെച്ച് തങ്ങളോട് മോശമായി പെരുമാറിയെന്നാണ് സഞ്ചാരികളുടെ ആരോപണം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനും ടാഗ് ചെയ്ത് പരാതി നൽകിയിട്ടുണ്ട്.
അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള പ്രധാന അതിർത്തിയായ സഡഖ്ലോയിൽ വെച്ച് 56 ഇന്ത്യക്കാർക്ക് ദുരനുഭവമുണ്ടായതായി പരാതിയിൽ പറയുന്നു. നിയമാനുസൃതമായ രേഖകളും ഇ – വിസയും കൈവശമുണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥർ തങ്ങളെ അപമാനിച്ചുവെന്ന് സഞ്ചാരികൾ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കൊടും തണുപ്പത്ത് മണിക്കൂറുകളോളം കാത്തിരിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് ഒരു വിനോദസഞ്ചാരി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വിനോദസഞ്ചാരിൽ ഒരാളായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. തങ്ങളുടെ പാസ്പോർട്ടുകൾ മണിക്കൂറുകളോളം കൈവശം വെക്കുകയും, ഒരു കാരണവും കൂടാതെ രേഖകളെല്ലാം തെറ്റാണെന്ന് പറയുകയും ചെയ്തു. കുറ്റവാളികളെപ്പോലെ ഫുട്പാത്തിൽ ഇരിക്കാൻ തങ്ങളെ നിർബന്ധിച്ചെന്നും യുവതി കുറ്റപ്പെടുത്തി.
ജോർജിയൻ ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ടാഗ് ചെയ്തുകൊണ്ടാണ് അവർ പോസ്റ്റ് ഷെയർ ചെയ്തത്.
അതേസമയം യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സമാന അനുഭവങ്ങളുണ്ടായ പലരും ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തി. ജോർജിയയിൽ ഇന്ത്യക്കാരോട് ഇത്തരത്തിൽ വംശീയപരമായ വിവേചനം പതിവാണെന്നും പലരും അഭിപ്രായപ്പെട്ടു. ജോർജിയൻ ഗവൺമെന്റിന്റെ വംശീയ അധിക്ഷേപത്തെക്കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ജോർജിയയിൽ വിനോദസഞ്ചാരത്തിനെത്തുന്ന ഇന്ത്യക്കാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭിപ്രായങ്ങളുണ്ട്. സംഭവത്തെക്കുറിച്ച് ജോർജിയൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story Highlights: ജോർജിയ സന്ദർശിക്കാനെത്തിയ ഇന്ത്യക്കാരോട് മനുഷ്യത്വരഹിതമായ പെരുമാറ്റമെന്ന് പരാതി.