ട്വിറ്ററിനെ വെല്ലുവിളിച്ച ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ് കൂ അടച്ചുപൂട്ടുന്നു

Anjana

ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ട്അപ്പ് ആയ കൂ അടച്ചുപൂട്ടുന്നു. 2020-ൽ ട്വിറ്ററിനെ വെല്ലുവിളിച്ചെത്തിയ കമ്പനി, ഏറ്റെടുക്കാൻ ആരും തയാറാകാത്തതോടെയാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഫണ്ടിങ് കുറഞ്ഞതോടെ കമ്പനി പ്രതിസന്ധിയിലായി. ഈ വർഷം ഏപ്രിലിൽ കമ്പനി 80% ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.

നാല് വർഷം മുമ്പ് അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവർ ചേർന്നാണ് കൂ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പുരസ്കാരം നേടിയ ആപ്പാണ് കൂ. നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും കൂവിലേക്ക് എത്തിയിരുന്നു. 2022 ജൂൺ മുതൽ കമ്പനി അതിൻ്റെ ജീവനക്കാരുടെ എണ്ണം 80 ശതമാനത്തോളം കുറക്കുകയും ശമ്പളം 40 ശതമാനം വരെ വെട്ടിക്കുറച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമ്പനിയുടെ പ്രവർത്തന വരുമാനം 14 ലക്ഷം രൂപയും 2022 സാമ്പത്തിക വർഷത്തിൽ 197 കോടി രൂപയുടെ നഷ്‌ടവും കമ്പനിക്കുണ്ടായി. ശമ്പളത്തിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതിനെത്തുടർന്ന് ഒരു കൂട്ടം മുതിർന്ന ജീവനക്കാർ ഈ വർഷം ആദ്യം കമ്പനി വിട്ടിരുന്നു. ഒരു കോടിയോളം പ്രതിമാസ സജീവ ഉപഭോക്താക്കൾ കൂവിനുണ്ടായിരുന്നു. പരമാവധി 21 ലക്ഷത്തോളം പ്രതിദിന ഉപഭോക്താക്കളെയും കൂവിന് ലഭിച്ചു.

രൂപകൽപനയിൽ ട്വിറ്ററിന് സമാനമായിരുന്നു കൂ. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഗുജറാത്തി, മറാത്തി, ആസാമീസ്, പഞ്ചാബി തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളെ ഈ ആപ്പ് പിന്തുണച്ചിരുന്നു.