റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11,558 ഒഴിവുകളിലേക്ക് വിവിധ റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്യേറ്റ് തസ്തികകളിൽ 174 ഒഴിവും അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിൽ 112 ഒഴിവുമാണുള്ളത്. എന്നാൽ, ഒരു അപേക്ഷകന് ഏതെങ്കിലും ഒരു ആർആർബിയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
ഗ്രാജ്യേറ്റ് തസ്തികകളിൽ ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സുപർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൌണ്ട്സ് അസിസിറ്റൻ്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകൾ ഉൾപ്പെടുന്നു. ഈ തസ്തികകൾക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ചില തസ്തികകൾക്ക് ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് കൂടി ആവശ്യമാണ്. 18 മുതൽ 36 വയസുവരെയുള്ളവർക്കാണ് ഗ്രാജ്യേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനാകുക. ഗ്രാജ്യേറ്റ് തസ്തികകൾക്കുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 13 ആണ്.
അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിൽ കമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജുനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക് എന്നിവ ഉൾപ്പെടുന്നു. ഈ തസ്തികകൾക്ക് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. അണ്ടർ ഗ്രാജ്യേറ്റ് തസ്തികകൾക്കുള്ള പ്രായപരിധി 18 മുതൽ 33 വയസ് വരെയാണ്. ഒക്ടോബർ 20 വരെ അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.railwayboard/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Story Highlights: Indian Railways announces 11,558 vacancies in Non-Technical Popular Categories (NTPC) across various Railway Recruitment Boards