ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐ.ഒ.എ.) പ്രസിഡന്റ് പി.ടി. ഉഷയുടെ നിർദേശപ്രകാരം ഈ മാസം 25-ന് നിശ്ചയിച്ചിരുന്ന പ്രത്യേക പൊതുയോഗം മാറ്റിവച്ചതായി ഡയറക്ടർ ജോർജ് മാത്യു അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന് പ്രസിഡന്റ് പി.ടി. ഉഷയും ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബേയും രണ്ട് അജണ്ടയാണ് നിശ്ചയിച്ചിരുന്നത്. ആക്ടിംഗ് സി.ഇ.ഒ. എന്ന നിലയിലാണ് ചൗബേ യോഗം വിളിച്ചതും അജണ്ട നിശ്ചയിച്ചതും.
ഐ.ഒ.എയിൽ യഥാർത്ഥ സി.ഇ.ഒ. ആരെന്ന ചോദ്യം ഉയരുന്നു. പി.ടി. ഉഷ പിന്തുണയ്ക്കുന്ന രഘുറാം അയ്യരോ, 15 അംഗ എക്സിക്യൂട്ടീവ് കൗൺസിലിൽ 12 പേർ പരസ്യമായി പിന്തുണയ്ക്കുന്ന കല്യാൺ ചൗബേയോ? ഇതിന് ഉത്തരം കിട്ടിയാലേ പ്രത്യേക പൊതുയോഗത്തിലെ അജണ്ടയിൽ ഏത് അംഗീകരിക്കണമെന്ന് വ്യക്തമാകൂ. പ്രതിമാസം 20 ലക്ഷം രൂപ ശമ്പളത്തിൽ ജനുവരി അഞ്ചിന് നിയമിക്കപ്പെട്ട രഘുറാം അയ്യരെ അംഗീകരിക്കുകയാണ് ഉഷ വിളിച്ച യോഗത്തിലെ പ്രധാന ഇനം.
25-ന് നിശ്ചയിച്ചിരുന്ന യോഗത്തിൽ കല്യൺ ചൗബേയുടെ അജണ്ടയിൽ ഇരുപത്തിയാറാം ഇനമായി പി.ടി. ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയം ഉൾപ്പെടുത്തിയിരുന്നു. ഇനി നടക്കുന്ന യോഗത്തിൽ നാലിൽ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം ഉണ്ടായാലും തർക്കത്തിൽ കിടക്കുന്ന ആറ് ഫെഡറേഷനുകളിലെ പ്രതിനിധികളുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടും. സി.ഇ.ഒ. നിയമനത്തിൽ തുടങ്ങിയ തർക്കത്തിനിടയിലേക്ക് മറ്റു ചില പ്രശ്നങ്ങൾ കൂടി കടന്നുവന്നിട്ടുണ്ട്.
ഐ.ഒ.സി. ബോർഡ് തങ്ങളുടെ തീരുമാനം ഉഷയെ മാത്രമല്ല എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെയും അറിയിച്ചു. സർക്കാർ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് കരുതിയാൽ അത് ഒളിംപിക് ചാർട്ടറിന്റെ ലംഘനമാണെന്നും സസ്പെൻഷൻ ക്ഷണിച്ചു വരുത്തുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഐ.ഒ.എയിലെ പ്രതിസന്ധി തീരാതെ ഫെഡറേഷനുകളെ എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യവും ഉയരുന്നു.
Story Highlights: Indian Olympic Association postpones special general meeting amid leadership dispute and financial controversies