ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. 36-ാം വയസ്സിൽ, പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 2006-ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
18 വർഷത്തെ കരിയറിൽ ശ്രീജേഷ് നിരവധി നേട്ടങ്ങൾ കൈവരിച്ചു. രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ താരത്തിന് ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012, 2016, 2020 ഒളിമ്പിക്സുകളിൽ ഇന്ത്യൻ ഗോൾ വലയ്ക്ക് ഭദ്രമായ കാവലാളായിരുന്നു ശ്രീജേഷ്. ഇപ്പോൾ, പാരീസ് ഒളിമ്പിക്സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി അദ്ദേഹം ടീമിനൊപ്പമുണ്ട്.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിലെ ഏക ഗോൾ കീപ്പറായി ശ്രീജേഷ് തന്നെയാണ് ഉണ്ടാവുക. ടീമിൽ ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ് തുടങ്ങിയവർ ഡിഫൻഡർമാരായും, രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ് എന്നിവർ മിഡ്ഫീൽഡർമാരായും, അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ തുടങ്ങിയവർ ഫോർവേഡുകളായും ഉൾപ്പെടുന്നു. നീലകണ്ഠ ശർമ്മ, ജുഗ്രാജ് സിംഗ്, കൃഷൻ ബഹദൂർ പഥക് എന്നിവർ റിസർവ് താരങ്ങളായിരിക്കും.