ഷിരൂരിൽ രക്ഷാദൗത്യത്തിനായി സൈന്യം എത്തിച്ചേർന്നു. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി മൂന്ന് വലിയ വാഹനങ്ങളിൽ ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ പ്രവർത്തനങ്ങൾ നടത്തുക. നിലവിൽ ഷിരൂരിൽ മഴയില്ലാത്തതിനാൽ കാലാവസ്ഥ അനുകൂലമാണ്.
രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ രാവിലെ 11 മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്ന് മണിക്കൂര് വൈകിയാണ് സൈന്യം സ്ഥലത്തെത്തിയത്. ഇതിനെതിരെ അർജുന്റെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു. രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെയും പ്രതിഷേധം ഉയർന്നു. സൈന്യത്തിന്റെ സാന്നിധ്യത്തോടെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.