ഗയാനയിൽ നിന്നുള്ള സന്തോഷകരമായ വാർത്തയാണ് ഇത്. പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം 10.30-ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം മഴ മൂലം വൈകിയെങ്കിലും, ഒമ്പത് മണിയോടെ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യൻ സമയം എട്ട് മണിക്കായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തിന് തൊട്ടുമുമ്പ് പെയ്ത കനത്ത മഴ ടോസ് പോലും നടത്താനാകാത്ത വിധം പ്രതിസന്ധി സൃഷ്ടിച്ചു. നിലവിൽ ഔട്ട് ഫീൽഡ് നനഞ്ഞു കിടക്കുന്നുണ്ടെങ്കിലും, മഴ മാറി ആകാശം തെളിഞ്ഞതോടെ ഓവർ വെട്ടിക്കുറച്ച് മത്സരം ആരംഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
അൽപ്പം മുമ്പ് അമ്പയർമാർ പിച്ചും ഔട്ട് ഫീൽഡും പരിശോധിച്ചു. ഔട്ട് ഫീൽഡ് ഉണക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ സെമിഫൈനൽ മത്സരത്തിനായി കാത്തിരിക്കുന്നത്. 2022-ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ ഇന്ത്യയ്ക്ക് ഇത് ഒരു മധുര പ്രതികാരമാകുമോ എന്ന് കണ്ടറിയണം. ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയികൾ 29-ന് കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്താണ് ദക്ഷിണാഫ്രിക്ക ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിയിരിക്കുന്നത്.