കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങൾ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇന്ത്യയുടെ രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയൻ പ്രധാനമന്ത്രിയുടേതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
നിജ്ജർ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ നടക്കുന്ന അന്വേഷണത്തിൽ ഇന്ത്യൻ ഹൈ കമ്മീഷണർക്കും ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും വ്യക്തി താൽപര്യങ്ങൾ ഉണ്ടെന്ന കാനഡയുടെ ആരോപണങ്ങളും ഇന്ത്യ തള്ളി. ഇത്തരം ആരോപണങ്ങൾ ട്രൂഡോയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ജസ്റ്റിൻ ട്രൂഡയ്ക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെക്കാലമായി വ്യക്തമാണെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ട്രൂഡോ ഇടപെട്ടുവെന്ന ആരോപണവും ഉയർന്നു. ട്രൂഡോ ഒരു രാഷ്ട്രീയ പാർട്ടിയെ ആശ്രയിച്ചിരിക്കുന്നുവെന്നും, ആ പാർട്ടിയുടെ തലവൻ ഇന്ത്യയ്ക്കെതിരെ വിഘടന വാദ പ്രത്യയശാസ്ത്രം ആളുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ ഭീകരർക്ക് ഇടം നൽകിയെന്നും കാനഡയിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ നേതാക്കൾക്കും വധഭീഷണിയുണ്ടെന്നും മന്ത്രാലയം ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
Story Highlights: India accuses Canadian PM Justin Trudeau of political agenda against India, dismisses allegations in Nijjar murder case