ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് കിവീസ് ജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 363 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലർ നേടിയ 100* (67) റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുഖം രക്ഷിക്കാൻ സഹായിച്ചത്.
റാസി വാൻ ഡെർ ഡസ്സൻ (69 റൺസ്), ക്യാപ്റ്റൻ ടെംബ ബാവുമ (56 റൺസ്) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മില്ലർക്ക് പുറമെ തിളങ്ങിയത്. 161ന് രണ്ട് എന്ന നിലയിൽ നിന്ന ശേഷമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് തകർന്നത്. റയാൻ റിക്കിൾടൺ (17), ബാവുമ, വാൻ ഡെർ ഡസ്സൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ ടീം പതറി.
എയ്ഡൻ മാർക്രം (31), ഹെയ്ന്റിച്ച് ക്ലാസൻ (3) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 189ന് അഞ്ച് എന്ന നിലയിൽ പരുങ്ങലിലായി. വിയാൻ മൾഡർ (8), മാർക്കോ യാൻസൻ (3), കേശവ് മഹാരാജ് (1) എന്നിവരും പുറത്തായതോടെ തോൽവി ഉറപ്പായി. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസിലൻഡ് ഫൈനൽ പോരാട്ടം.
Story Highlights: New Zealand defeated South Africa by 50 runs in the semi-final to reach the ICC Champions Trophy final against India.