ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര് സ്ഥാനത്തേക്കുള്ള മത്സരത്തിന് കളമൊരുങ്ങുകയാണ്. ഇന്ത്യാ സഖ്യം സമാജ്വാദി പാര്ട്ടിയില് നിന്നുള്ള സ്ഥാനാര്ത്ഥിയെ നിര്ദേശിച്ചേക്കുമെന്നാണ് സൂചന. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഭരണപക്ഷം നിര്ദേശിക്കുന്നയാളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിനോട് വിമുഖത പ്രകടിപ്പിച്ചു.
അയോധ്യ ഉള്പ്പെടുന്ന ഫൈസാബാദില് നിന്ന് ജയിച്ച സമാജ്വാദി പാര്ട്ടി എംപി അവധേഷ് പ്രസാദിനെ ഇന്ത്യാ മുന്നണി സ്ഥാനാര്ത്ഥിയാക്കിയേക്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ദളിത് വിഭാഗത്തില് നിന്നുള്ള പ്രസാദിനെ സ്ഥാനാര്ത്ഥിയാക്കണമെന്ന് ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി നിര്ദേശിച്ചതായും സൂചനയുണ്ട്. നേരത്തെ, 18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്ലയെ ശബ്ദവോട്ടോടെ തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കിയതോടെയാണ് ഓം ബിര്ല സ്പീക്കറായത്. പ്രതിപക്ഷം സ്പീക്കര് തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമായിരുന്നു.