ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്റിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ തുടരുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ യശസ്വി ജയ്സ്വാൾ (161) കൂടാതെ വിരാട് കോലിയും (100) സെഞ്ചുറി നേടി. കെഎൽ രാഹുൽ 77 റൺസും അരങ്ങേറ്റ താരം നിതിഷ് കുമാർ റെഡ്ഢി 38 റൺസും നേടി.
ഇന്ത്യയ്ക്ക് 533 റൺസിന്റെ വമ്പൻ ലീഡാണുള്ളത്. ഓസ്ട്രേലിയൻ ബൗളർമാരിൽ നഥാൻ ല്യോൺ രണ്ട് വിക്കറ്റ് നേടി. ദേവ്ദത്ത് പടിക്കൽ 25 റൺസ് നേടിയപ്പോൾ അരങ്ങേറ്റ താരം ധ്രുവ് ജുറെലിന് തിളങ്ങാനായില്ല. റിഷഭ് പന്തും നിരാശപ്പെടുത്തി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 150 റൺസ് നേടിയിരുന്നു.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 104 റൺസിൽ ഒതുങ്ങി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 18 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്തു. അരങ്ങേറ്റ താരം ഹർഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയിൽ കാര്യമായ ചെറുത്തുനിൽപ്പുകളുണ്ടായിരുന്നില്ല.
Story Highlights: India declares second innings with a massive lead of 533 runs against Australia in Border-Gavaskar Trophy Test match