കേന്ദ്ര സർക്കാർ 156 നിശ്ചിത ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾ നിരോധിച്ചിരിക്കുകയാണ്. പനി, ജലദോഷം, അലർജി എന്നിവയ്ക്കായി രാജ്യവ്യാപകമായി വിറ്റഴിക്കപ്പെട്ടിരുന്ന ഈ മരുന്നുകൾ മനുഷ്യശരീരത്തിന് കൂടുതൽ ദോഷകരമാണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം. കോക്ടെയ്ൽ ഡ്രഗ്സ് എന്നറിയപ്പെടുന്ന ഈ മരുന്നുകൾ രണ്ടോ അതിലധികമോ മരുന്നുകൾ നിശ്ചിത അളവിൽ കൂട്ടിച്ചേർത്താണ് തയ്യാറാക്കുന്നത്.
നിരോധിക്കപ്പെട്ട മരുന്നുകളിൽ അസെക്ലോഫെനാക് + പാരസെറ്റമോൾ ടാബ്ലെറ്റ്, മെഫെനാമിക് ആസിഡ് + പാരസെറ്റമോൾ കുത്തിവയ്പ്പ്, സെറ്റിറൈസിൻ എച്ച്സിഎൽ + പാരസെറ്റമോൾ + ഫെനൈലെഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈൻ + പാരസെറ്റമോൾ, പാരസെറ്റമോൾ + ക്ലോർഫെനിറാമൈൻ മലീറ്റ് + ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് + പാരസെറ്റമോൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പാരസെറ്റമോൾ, ട്രമാഡോൾ, ടോറിൻ, കഫീൻ എന്നീ മരുന്നുകളുടെ സംയോജനവും നിർത്തലാക്കിയിട്ടുണ്ട്.
1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ 26ാം വകുപ്പ് പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരം മരുന്നുകൾ നിരോധിക്കാൻ തീരുമാനിച്ചത്.
Story Highlights: India bans 156 combination drugs used to treat fever, cold, and allergies