ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സ്പേസ് ഡോക്കിങ് ദൗത്യം വിജയകരമായി പൂർത്തിയാക്കി. 2024 ഡിസംബർ 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ച സ്പേഡെക്സ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിജയകരമായി കൂട്ടിച്ചേർത്തു. ടാർഗറ്റും ചേസറും എന്നീ ഇരട്ട ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവന്നാണ് ഈ സങ്കീർണ്ണമായ ദൗത്യം ഐഎസ്ആർഒ വിജയകരമാക്കിയത്. സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി.
ഐഎസ്ആർഒയുടെ PSLV-C60 റോക്കറ്റാണ് സ്പേഡെക്സ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസർ SDX01, Target SDX02 എന്നിവയായിരുന്നു ഈ ദൗത്യത്തിലെ ഉപഗ്രഹങ്ങൾ. അറുപത്തിയാറ് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഏത് ദിവസവും ഡോക്കിങ് നടക്കാമെന്നായിരുന്നു ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നത്.
ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന സാങ്കേതികവിദ്യ ഏറെ സങ്കീർണ്ണമാണ്. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കൃത്യമായി കണക്കാക്കി അവയെ അടുപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിലെ പ്രധാന വെല്ലുവിളി. സ്‌പേഡെക്‌സ് ദൗത്യത്തിൽ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർത്തത്.
സാങ്കേതിക കാരണങ്ങളാൽ നേരത്തെ രണ്ട് തവണ ഈ ദൗത്യം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഉപഗ്രഹങ്ങളുടെ വേഗതയിലുണ്ടായ വ്യതിയാനമായിരുന്നു ദൗത്യം മാറ്റിവയ്ക്കാൻ കാരണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ വെല്ലുവിളികളെയും മറികടന്ന് ഇന്ത്യ സ്പേസ് ഡോക്കിങ് ദൗത്യം വിജയകരമായി പൂർത്തിയാക്കി.
Story Highlights: ISRO successfully completed the Spadex mission, marking India as the fourth nation to achieve space docking.