അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനം സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കുകയാണ്. ഇന്ന് 67 സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. രാജ്യാന്തര മത്സര വിഭാഗത്തിൽ 7 ചിത്രങ്ങളും, ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും, ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും ഉൾപ്പെടെയാണ് ഇന്നത്തെ പ്രദർശനം. മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘നീലക്കുയിൽ’, ഐഎഫ്എഫ്കെ ജൂറി അധ്യക്ഷയായ ആഗ്നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച ‘ബ്യൂ ട്രവെയ്ൽ’ എന്നിവയുൾപ്പെടെ 6 ചിത്രങ്ങളുടെ ഏകപ്രദർശനവും ഇന്നുണ്ടാകും.
ഇത്തവണത്തെ ഐഎഫ്എഫ്കെയെ മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് മലയാള സിനിമയുടെ മികവാണെന്ന് സിനിമാസ്വാദകർ ഒരേ സ്വരത്തിൽ പറയുന്നു. വിദേശ ഭാഷാ സിനിമകളോടൊപ്പം കിടപിടിക്കാൻ കഴിയുന്ന തരത്തിൽ മലയാള സിനിമ വളർന്നുവെന്നാണ് അഭിപ്രായം. ഓരോരുത്തരേയും പിടിച്ചിരുത്താൻ പാകത്തിൽ മലയാള സിനിമ മാറിക്കഴിഞ്ഞെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
മറ്റ് ഭാഷകളിലുള്ള സിനിമകളും ഇത്തവണ മികച്ചതാണെന്ന് പ്രേക്ഷകർ പറയുന്നു. ഓരോ സിനിമ കാണുമ്പോഴും മറ്റ് സിനിമകൾ കാണാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ചിത്രങ്ങൾ നിർമിച്ചിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. ഓരോ സിനിമയുടെയും വിഷ്വൽ ട്രീറ്റ്, ഗ്രാഫിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ ആരാധകർക്ക് മികച്ച ദൃശ്യാനുഭവം നൽകുന്നുവെന്ന് സിനിമാ പ്രേമികൾ പറയുന്നു.
രാവിലെ 9 മണിക്കാണ് ഐഎഫ്എഫ്കെയിൽ ആദ്യ സിനിമ പ്രദർശിപ്പിക്കുന്നത്. ആദ്യ സിനിമ കാണാനായി മണിക്കൂറുകൾക്ക് മുമ്പ് തന്നെ തിയേറ്ററുകളിലെത്തി കാത്തുനിൽക്കുന്നവരെയാണ് കാണാൻ സാധിക്കുക. അടുത്ത വർഷവും ഉറപ്പായും ഐഎഫ്എഫ്കെയ്ക്ക് എത്തുമെന്ന ഉറപ്പാണ് ഓരോ സിനിമാ ആസ്വാദകരും നൽകുന്നത്.
Story Highlights: IFFK’s fifth day showcases 67 films across various categories, highlighting Malayalam cinema’s growth and international appeal.