ടൊവിനോ തോമസ്, തൃഷ കൃഷ്ണ, വിനയ് റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് നടൻ കാർത്തിയുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ‘2018’, ‘എആർഎം’ എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോയും, ‘ലിയോ’ എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം തൃഷയും, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘ഫോറൻസിക്’ എന്ന ചിത്രത്തിന് ശേഷം ടൊവിനോ – അഖിൽ പോൾ – അനസ് ഖാൻ സംഘം വീണ്ടും ഒന്നിക്കുന്ന ഈ സിനിമ രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി. ജെയും ചേർന്നാണ് നിർമിക്കുന്നത്. മികച്ച ദൃശ്യഭാഷയും ആകാംക്ഷ ജനിപ്പിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ ടീസർ, ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’ എന്ന സൂചന നൽകുന്നു.
ചിത്രത്തിന്റെ അഖിലേന്ത്യാ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2025 ജനുവരിയിൽ തിയേറ്ററുകളിലെത്തും. ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തൃഷയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ബോളിവുഡ് താരം മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടേതാണ്. ചമൻ ചാക്കോ ചിത്രസംയോജനം നിർവഹിക്കുന്നു. എം.ആർ. രാജാകൃഷ്ണൻ സൗണ്ട് മിക്സിംഗും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. അനീഷ് നാടോടി പ്രൊഡക്ഷൻ ഡിസൈനും സാബി മിശ്ര ആർട്ട് ഡയറക്ഷനും കൈകാര്യം ചെയ്യുന്നു. ഗായത്രി കിഷോറും മാലിനിയും വസ്ത്രാലങ്കാരം നിർവഹിക്കുന്നു. റോണക്സ് സേവ്യർ മേക്കപ്പ് ചെയ്യുന്നു. യാനിക്ക് ബെനും ഫീനിക്സ് പ്രഭുവും ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നു.
Story Highlights: Tovino Thomas, Trisha Krishnan, and Vinay Rai star in the upcoming investigation thriller ‘Identity’, with its teaser released on social media.