ഐസിസി ടി20 ബാറ്റിങ് റാങ്കിങില് ഇന്ത്യന് താരങ്ങള്ക്ക് വന് കുതിപ്പ്. തിലക് വര്മ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്ന്നപ്പോള് സഞ്ജു സാംസണ് 17 സ്ഥാനങ്ങള് മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി. എന്നാല് ഒന്നാം സ്ഥാനത്തായിരുന്ന ടി20 ക്യാപ്റ്റന് സൂര്യകുമാര് യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനമാണ് തിലക് വര്മയെ മുന്നിലെത്തിച്ചത്. നാല് മത്സരങ്ങളില്നിന്ന് 280 റണ്സ് നേടിയ അദ്ദേഹം രണ്ട് സെഞ്ചുറികളും സ്വന്തമാക്കി. 69 സ്ഥാനങ്ങളാണ് തിലക് ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്. ഇതോടെ ഇന്ത്യന് ബാറ്റര്മാരില് ഈ യുവതാരമായി മുന്നില്.
സഞ്ജു സാംസണിന്റെ കുതിപ്പിന് കാരണം ഒടുവില് കളിച്ച അഞ്ച് മത്സരങ്ങളില് നേടിയ മൂന്ന് സെഞ്ചുറികളാണ്. ദക്ഷിണാഫ്രിക്കന് പര്യടനത്തിനിടെ മാത്രം രണ്ട് സെഞ്ചുറികള് സഞ്ജു നേടിയിരുന്നു. എന്നാല് സൂര്യകുമാറിന്റെ മോശം പ്രകടനം അദ്ദേഹത്തെ പിന്നോട്ടടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 മത്സരങ്ങളില് 21, 4, 1 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്കോറുകള്. ബാറ്റര്മാരില് ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയന് താരം ട്രാവിസ് ഹെഡും രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫില് സാള്ട്ടുമാണ്.
Story Highlights: Tilak Varma rises to 3rd in ICC T20 batting rankings, Sanju Samson improves 17 places