ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുങ്ങി. സ്കൂട്ടർ വിഭാഗത്തിലെ പ്രമുഖരായ ഹോണ്ട, ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. ആക്ടിവ ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിങ് 2025 ജനുവരി ഒന്നു മുതൽ ആരംഭിക്കും. വിതരണം ഫെബ്രുവരിയിൽ തുടങ്ങും. സ്വാപ്പബിൾ ബാറ്ററിയാണ് ആക്ടിവ ഇയിൽ സജ്ജീകരിച്ചിരിക്കുന്നത്.
രണ്ട് വകഭേദങ്ങളിലായി എത്തുന്ന ആക്ടിവ ഇ, ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിൽ മാത്രമാണ് വിൽപ്പനക്കെത്തുക. സ്റ്റാൻഡേഡ്, ഹോണ്ട റോഡ്സിങ്ക് ഡ്യുവോ എന്നിങ്ങനെയാണ് രണ്ട് വകഭേദങ്ങൾ. ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ഹോണ്ട ആക്ടിവ ഇ നിർമിച്ചിരിക്കുന്നത്. അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ആക്ടിവ ഇവി ലഭ്യമാകും.
ഹോണ്ട റോഡ്സിങ്ക് ഡ്യുവോ വകഭേദത്തിൽ, സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ സുഗമമാക്കുന്ന 7 ഇഞ്ച് ടിഎഫ്ടി സ്ക്രീൻ ഉൾപ്പെടുത്തിയിരിക്കുന്നു. ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകളായ സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവയും ലഭ്യമാണ്. എടുത്തു മാറ്റാവുന്ന രണ്ട് 1.5 kWh ബാറ്ററികളാണ് ആക്ടിവ ഇയുടെ കരുത്ത്. ഒറ്റ ചാർജിൽ പരമാവധി 102 കിലോമീറ്റർ റേഞ്ചും, മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗതയും നേടാൻ കഴിയും. മൂന്ന് റൈഡിംഗ് മോഡുകളും ഈ ഇലക്ട്രിക് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Honda launches Activa electric scooter with swappable batteries and smart features