ഹരിയാനയിലെ കോൺഗ്രസ് വനിതാ നേതാവ് ഹിമാനി നർവാളിന്റെ കൊലപാതക കേസിൽ പ്രതിയായ സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റോത്തക്കിൽ മൊബൈൽ റിപ്പയറിങ് കട നടത്തുന്ന 32 കാരനായ സച്ചിനാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പെട്ടെന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ഹിമാനിയുടെ വിജയ് നഗറിലെ താമസസ്ഥലത്ത് വെച്ച് മൊബൈൽ ചാർജർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഹിമാനിയുടെ ആഭരണങ്ങളും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചുവെന്നും പോലീസ് കണ്ടെത്തി.
പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു. ഹിമാനി ഭീഷണിപ്പെടുത്തി തന്നിൽ നിന്നും പണം തട്ടിയെടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
മൊബൈൽ ചാർജർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഹിമാനിയെ കൊലപ്പെടുത്തിയതെന്നും പ്രതി ആഭരണങ്ങളും ലാപ്ടോപ്പും കവർന്നെന്നും പോലീസ് പറയുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സച്ചിനെന്നും പോലീസ് വ്യക്തമാക്കി.
Story Highlights: Congress leader Himani Narwal was murdered in Haryana, and the accused, Sachin, has been remanded for three days.