മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസിൽ പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് സർക്കാരിനും മന്ത്രിക്കും പ്രതിസന്ധി ഉയർത്തുന്ന വിധി പ്രസ്താവിച്ചത്. മൊഴിയെടുത്തതിലും, തെളിവ് ശേഖരണത്തിലും അടക്കം ഗുരുതര വീഴ്ച ഉണ്ടായെന്ന് ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന മന്ത്രിയായതിനാൽ ലോക്കൽ പൊലീസിന് പകരം ഉന്നതതല അന്വേഷണം വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ മജിസ്ട്രേറ്റിന് അവസരം നൽകിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ സാക്ഷികളാക്കാതിരുന്നതും വിമർശന വിധേയമായി. മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകരുടെ മാത്രം മൊഴി അടിസ്ഥാനമാക്കിയുള്ള പൊലീസ് റിപ്പോർട്ട് സുതാര്യമല്ലെന്നും കോടതി വിമർശിച്ചു.
സംസ്ഥാന ക്രൈംബ്രാഞ്ചിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. ഭരണഘടനയെ അപമാനിക്കുന്ന പ്രസംഗം മന്ത്രി നടത്തിയിട്ടില്ല എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട് ശരിയല്ലെന്നും, കുന്തം കൊടച്ചക്രം പോലെയുള്ള വാക്കുകൾ ആദരസൂചകമായി ഉപയോഗിച്ചതാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും കോടതിയുടേത് അന്തിമവിധിയല്ലെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
Story Highlights: High Court criticizes police investigation in constitutional violation case against Minister Saji Cherian, calls for high-level probe