വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്ന് കോടതി വിലയിരുത്തി. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.
ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗമെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയതെന്നും, ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കടുത്ത ഭാഷയിൽ കോടതി വ്യക്തമാക്കി. ദുരന്തമേഖലയിലെ ജനങ്ങളെ ബാധിക്കുന്ന ഹർത്താൽ നിരാശപ്പെടുത്തുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർത്താലിനെതിരായ അതൃപ്തി സർക്കാരിനെ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
കേന്ദ്രസഹായം വൈകുന്നതിനെതിരെയാണ് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെയായിരുന്നു ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയായിരുന്നു ഹർത്താൽ. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. ഹർത്താൽ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Story Highlights: High Court criticises LDF-UDF hartal in Wayanad as irresponsible and disappointing