ഹീമോഗ്ലോബിൻ ശരീരത്തിൽ അത്യാവശ്യമായ ഒരു ഘടകമാണ്. ഇതിന്റെ കുറവ് പൊതുവേ വിളർച്ചയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടാൻ അയൺ ഗുളികകളും ടോണിക്കുകളും നൽകാറുണ്ട്. ഇലക്കറികൾ അടക്കമുള്ള പല ഭക്ഷണ വസ്തുക്കളിലും അയൺ അടങ്ങിയിട്ടുള്ളതിനാൽ അവയും നല്ല അയൺ ഉറവിടങ്ങളാണ്. എന്നാൽ ഹീമോഗ്ലോബിൻ കുറയുന്നത് മാത്രമല്ല, അതിന്റെ അളവ് കൂടുന്നതും അപകടകരമാണ്.
പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ അളവ് 18ലും സ്ത്രീകളിൽ 17ലും കൂടുതലാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം. കൂർക്കം വലിക്കുന്നവരിൽ (സ്ലീപ് ആപ്നിയ), ഹൃദയത്തിന് താളപ്പിഴകളുള്ളവരിൽ, ശ്വാസകോശത്തിന് പ്രശ്നമുള്ളവരിൽ, അണുബാധയുള്ളവരിൽ, അലർജിയും ചുമയും തുടർച്ചയായി വരുന്നവരിൽ, പോളിസിസ്റ്റിക് കിഡ്നി രോഗമുള്ളവരിൽ എന്നിങ്ങനെ പല കാരണങ്ങളാൽ ഹീമോഗ്ലോബിൻ അളവ് കൂടാം. മജ്ജയിലെ കോശങ്ങൾക്ക് പ്രശ്നമുണ്ടായാലും, ശരീരത്തിൽ ജലാംശം കുറഞ്ഞാലും, സ്റ്റിറോയ്ഡ് കലർന്ന മരുന്നുകൾ തുടർച്ചയായി കഴിച്ചാലും ഹീമോഗ്ലോബിൻ കൂടാം.
ഹീമോഗ്ലോബിൻ കൂടുതലാണെങ്കിൽ അതിന്റെ കാരണം തിരിച്ചറിഞ്ഞ് നിയന്ത്രിക്കേണ്ടതുണ്ട്. പുകവലി നിയന്ത്രിക്കുക, അയൺ കലർന്ന ഭക്ഷണങ്ങൾ കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക എന്നിവ സഹായകരമാണ്. ഹീമോഗ്ലോബിൻ അളവ് 18ന് മുകളിൽ പോയാൽ രക്തത്തിന്റെ കട്ടി കൂടി, രക്തം പമ്പ് ചെയ്യുന്നതിന് പ്രശ്നമുണ്ടാകാം. ഇത് രക്തസമ്മർദ്ദം കൂടാനും, തലവേദന, ചെവിയിൽ മൂളൽ, കാഴ്ച മങ്ങൽ, കിതപ്പ്, നെഞ്ചിടിപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്കും കാരണമാകാം. അളവ് 20നേക്കാൾ കൂടുതലാകുമ്പോൾ രക്തക്കുഴലിൽ രക്തക്കട്ടകൾ ഉണ്ടായി സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള ഗുരുതര പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
Story Highlights: Hemoglobin levels in the body: Importance, causes of increase, symptoms, and management