ഹേമന്ത് സോറന്‍ മൂന്നാം തവണയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Anjana

ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. റാഞ്ചി രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണനില്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലി അദ്ദേഹം അധികാരമേറ്റു. മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. രാവിലെ രാജാഭവനില്‍ എത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ കണ്ട ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ആദ്യം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകിട്ട് 5 മണിക്ക് റാഞ്ചി രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഹേമന്ത് സോറന്‍ സത്യവാചകം ഏറ്റുചൊല്ലിയത്. ഹേമന്ത് സോറന്‍ മാത്രമാണ് ഇന്ന് ചുമതലയേറ്റത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ച ചംപെ സോറന്‍, ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷനാകും.

അഞ്ചുമാസത്തെ ജയില്‍വാസത്തിനുശേഷം ജൂണ്‍ 28 നാണ് ഹേമന്ത് സോറന്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്. ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.