സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനാണ് പലരും ഹേമ കമ്മിറ്റിക്ക് മുന്നിൽ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് ഹൈക്കോടതി വിലയിരുത്തി. എന്നാൽ, പ്രതികളുടെ പേരുവെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസുമായി മുന്നോട്ടു പോകാൻ ഇരകളെ നിർബന്ധിക്കാൻ ആവില്ലെന്നും വ്യക്തമാക്കി. യാതൊരു സമ്മർദവും ഇല്ലാതെയാണ് കേസുമായി മുന്നോട്ടു പോവാൻ താൽപര്യമില്ലെന്ന് മൊഴിനൽകിയവർ തീരുമാനിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം സർക്കാർ മുഖേന കൈമാറി. ഇതിനൊപ്പം രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിലും സർക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമർപ്പിക്കുകയായിരുന്നു.
ചലച്ചിത്ര മേഖലയിലെ കമ്മിറ്റികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. സിനിമാ മേഖലയിൽ ഒന്നാകെ വരുത്തേണ്ട മാറ്റങ്ങൾ സർക്കാർ കോടതിയിൽ വിശദീകരിച്ചു. കേസിൽ നേരത്തെ കക്ഷി ചേർന്ന വനിതാ കമ്മീഷൻ വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Story Highlights: High Court states victims cannot be forced to proceed with case as many accused remain unnamed in Hema Committee report on film industry issues