ഹേമന്ത് സോറന് ജാമ്യം: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ആശ്വാസം

Anjana

അനധികൃത ഭൂമി ഇടപാട് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 31 കോടിയിലധികം വിലമതിക്കുന്ന 8.86 ഏക്കർ ഭൂമി നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ, കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ഉന്നത സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. നിലവിൽ അന്വേഷണത്തിന്റെ ഭാഗമായി ഹേമന്ത് സോറൻ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുറന്ന കോടതിയിൽ ജാമ്യം അനുവദിച്ചത്. എന്നാൽ, ഈ ജാമ്യത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തിരുന്നു. വ്യാജരേഖകൾ സൃഷ്ടിച്ച് ആദിവാസി ഭൂമി കൈവശപ്പെടുത്തിയതും, ഖനനവകുപ്പിന്റെ അധികാരം ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടിയതും ഉൾപ്പെടെ മൂന്ന് കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി 31-നാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഇഡി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here