ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും. നസ്റല്ലയുടെ വധത്തിനെതിരെ ലെബനനിൽ വൻ പ്രതിഷേധമാണുണ്ടായത്. സ്ത്രീകളടക്കം നിരവധി പേർ നസ്റല്ലയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് തെരുവിൽ ഇറങ്ങി. “ഡൗൺ വിത്ത് യുഎസ്”, “ഡൗൺ വിത്ത് ഇസ്രയേൽ” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
നസ്റല്ലയുടെ വധത്തെ തുടർന്ന് ഇറാഖിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. ഇറാഖിൽ നൂറ് നവജാത ശിശുക്കൾക്ക് നസ്റുല്ല എന്ന പേര് നൽകിയിരുന്നു. ഇറാൻ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അതേസമയം, ലെബനനിൽ ഹിസ്ബുള്ളക്കെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന് തിരിച്ചടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ. ഇറാന്റെ എണ്ണ സംഭരണശാലകൾ തകർക്കാൻ ഇസ്രയേലുമായി ചർച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈൽശേഖരം ഇറാന്റേതാണെന്ന് വിലയിരുത്തപ്പെടുന്നു. മൂവായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ, മേഖലയിലെ സംഘർഷം വർദ്ധിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്.
Story Highlights: Hezbollah leader Hassan Nasrallah’s funeral today amid protests and ongoing Israeli airstrikes in Lebanon