കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം പൂർണമായി തള്ളിക്കളഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പ്രവർത്തിക്കുന്ന പി ആർ ഏജൻസിയുമായി ഹാഷ്മിക്ക് ബന്ധമുണ്ടെന്നും അത്തരത്തിൽ ഒരാളെ വിലക്കെടുത്താണ് ഈ വെളിപ്പെടുത്തൽ നടത്തിച്ചതെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാൽ രാഹുലിന്റെയെന്നല്ല ഏതെങ്കിലും പി ആർ ഏജൻസിയുമായി അരക്കഴഞ്ച് ബന്ധമെങ്കിലും തനിക്കുണ്ടെന്ന് തെളിയിക്കുന്ന ഒരു വിവരമെങ്കിലും പുറത്തുവിടാൻ കെ സുരേന്ദ്രൻ തയാറാകണമെന്ന് ഹാഷ്മി തിരിച്ചടിച്ചു.
2008 മുതൽ തുടങ്ങിയ തന്റെ മാധ്യമപ്രവർത്തന കരിയറിൽ ഒരിക്കൽ പോലും ഏതെങ്കിലും പി ആർ ഏജൻസിയുമായി ചേർന്ന് താൻ പ്രവർത്തിച്ചിട്ടില്ലെന്ന് ഹാഷ്മി വ്യക്തമാക്കി. വാർത്ത നൽകുന്ന മാധ്യമപ്രവർത്തകർക്കെതിരെ വിലകുറഞ്ഞ ഇത്തരം വ്യക്തിപരമായ ആരോപണം കെ സുരേന്ദ്രൻ ഉന്നയിക്കുന്നത് ആദ്യമായല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വാർത്തയുടെ സോഴ്സ് വേണമെങ്കിൽ സുരേന്ദ്രനോട് മാത്രമായി പറയാൻ പോലും തയാറാണെന്നും ഹാഷ്മി കൂട്ടിച്ചേർത്തു.
കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്ന ബിജെപി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലാണ് ഹാഷ്മി ട്വന്റിഫോർ എക്സ്ക്ലൂസീവ് വാർത്തയായി നൽകിയത്. എന്നാൽ ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ തള്ളി തൃശൂരിലെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
Story Highlights: Hashmi Taj Ibrahim denies allegations by K Surendran regarding Kodakara hawala case revelation