ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ഹാർദിക് പാണ്ഡ്യയെ ഐസിസി ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി തെരഞ്ഞെടുത്തത്. ടി20 ലോകകപ്പിൽ ഇന്ത്യക്കായി 144 റൺസ് നേടുകയും 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹർദിക്, ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3/20 എന്ന നിരക്കിൽ വിക്കറ്റുകൾ നേടി നിർണായക പങ്ക് വഹിച്ചു.
ഹാർദിക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഒന്നാമതെത്തിയത്. നേരത്തെ ഒന്നാമതായിരുന്ന ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൈനലിലെ അവസാന ഓവറിൽ കൃത്യത പാലിച്ച ഹാർദ്ദിക് ആത്മവിശ്വാസത്തിന്റെ ആൾരൂപമായി മാറി.
വിജയനിമിഷത്തിൽ വികാരാധീനനായി നിൽക്കുകയായിരുന്ന ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ രോഹിത് ശർമ്മ ചേർത്തുപിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്തു. രോഹിത്തിന്റെ പിൻഗാമിയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 2026 ലോകകപ്പിലേക്ക് ഇനിയും ഏറെ സമയമുണ്ടെന്നും രോഹിത്തിനും കോലിക്കും ഒപ്പം കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു ഹാർദിക്കിന്റെ പ്രതികരണം.