ഹമാസ് തടവിലാക്കിയ മൂന്ന് ഇസ്രായേലി പൗരന്മാരെ റെഡ് ക്രോസിന് കൈമാറിയതായി സ്ഥിരീകരണം. ഈ മൂന്ന് പേരെയും ഗസ്സ അതിർത്തിയിൽ എത്തിച്ച് ഇസ്രായേൽ സേനയ്ക്ക് കൈമാറുമെന്ന് റെഡ് ക്രോസ് അറിയിച്ചു. 15 മാസത്തെ യുദ്ധത്തിന് ശേഷം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത് ഈ ബന്ദികളുടെ മോചനത്തോടെയാണ്. ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറിയിരുന്നു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഇസ്രായേൽ 95 പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. ബന്ദി കൈമാറ്റം നടന്ന സ്ഥലം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിനെ എതിർത്ത് ഇസ്രായേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ രാജിവെച്ചു.
ആദ്യഘട്ട വെടിനിർത്തലിന്റെ ഭാഗമായി ഹമാസ് ആകെ 33 ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്നാണ് ധാരണ. ഇതിനു പിന്നാലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങും. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതുവരെ റഫാ അതിർത്തിയിൽ നൂറുകണക്കിന് സഹായ ട്രക്കുകൾ കാത്തുനിന്നിരുന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചയോടെ വെടിനിർത്തൽ നിലവിൽവരുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്ന ഇസ്രായേലിന്റെ നിലപാട് കാരണം കരാർ വൈകുകയായിരുന്നു.
പ്രഖ്യാപിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. 15 മാസം നീണ്ടുനിന്ന യുദ്ധത്തിന് ഈ വെടിനിർത്തൽ കരാർ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Story Highlights: Three Israeli hostages released by Hamas to the Red Cross, marking a ceasefire after 15 months of conflict.