പാരീസ് ഒളിമ്പിക്സിൽ സ്ത്രീ-പുരുഷ തുല്യത കൈവരിച്ചിരിക്കുന്നു. 10,500 അത്ലറ്റുകളിൽ 5250 വീതം സ്ത്രീകളും പുരുഷന്മാരുമാണ്. 1896-ലെ ആദ്യ ആധുനിക ഒളിമ്പിക്സിൽ സ്ത്രീകൾ പങ്കെടുത്തിരുന്നില്ല. 1900-ലെ പാരീസ് ഒളിമ്പിക്സിൽ 997 അത്ലറ്റുകളിൽ 22 പേർ മാത്രമായിരുന്നു സ്ത്രീകൾ. 124 വർഷങ്ങൾക്ക് ശേഷം പാരീസിൽ വീണ്ടും നടക്കുന്ന ഒളിമ്പിക്സിൽ പൂർണ ലിംഗസമത്വം കൈവരിച്ചിരിക്കുന്നു.
ഒളിമ്പിക്സിലെ സ്ത്രീ പ്രാതിനിധ്യം ഘട്ടം ഘട്ടമായാണ് വർധിച്ചത്. 1952-ലെ ഹെൽസിങ്കി ഗെയിംസിലാണ് ആദ്യമായി സ്ത്രീ പ്രാതിനിധ്യം 10 ശതമാനം കടന്നത്. 1976-ൽ 20 ശതമാനവും 1996-ൽ 30 ശതമാനവും കടന്നു. 2020-ലെ ടോക്യോ ഒളിമ്പിക്സിൽ 47.8 ശതമാനത്തിലെത്തിയ ശേഷമാണ് ഇപ്പോൾ 50 ശതമാനത്തിലെത്തിയത്. പാരീസിലെ 32 കായിക ഇനങ്ങളിൽ 28 എണ്ണത്തിലും സമ്പൂർണ ലിംഗസമത്വം കൈവരിച്ചിട്ടുണ്ട്.
ഇന്ത്യയും ഈ ഒളിമ്പിക്സിൽ അഭിമാനകരമായ രീതിയിൽ മാറ്റുരയ്ക്കുന്നുണ്ട്. ഇന്ത്യൻ സംഘത്തിന്റെ 41 ശതമാനമായ 46 വനിതാ അത്ലറ്റുകൾ പങ്കെടുക്കും. 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആറ് ഒളിമ്പിക്സുകളിൽ നിന്ന് ഇന്ത്യ നേടിയ 20 മെഡലുകളിൽ എട്ടെണ്ണവും വനിതകളുടെ സംഭാവനയാണ്. ഓരോ തവണയും പുതുമ നിറയ്ക്കുന്ന ലോക കായികോത്സവമായ ഒളിമ്പിക്സിൽ സ്ത്രീകളുടെ പേരിൽ എത്ര റെക്കോർഡുകൾ പിറക്കും, എത്ര പേർ ചരിത്രമെഴുതും എന്നതിനായി ലോകം കാത്തിരിക്കുകയാണ്.