ഗുരുദേവ കോളജ് സംഘർഷം: എസ്എഫ്‌ഐ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിൻസിപ്പൽ

Anjana

കോഴിക്കോട് ഗുരുദേവ കോളജിലെ സംഘർഷത്തിൽ പ്രതികരണവുമായി കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ രംഗത്തെത്തി. താൻ ഒരു എസ്എഫ്‌ഐ പ്രവർത്തകനെയും മർദിച്ചിട്ടില്ലെന്നും കർണപടം പൊട്ടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് നിരവധി സിസിടിവികൾ ഉണ്ടായിരുന്നുവെന്നും കുട്ടിയെ മർദിച്ചതിന് തനിക്കെതിരെ എന്തെങ്കിലും തെളിവുകൾ കാണിക്കാനാകുമോ എന്നും പ്രിൻസിപ്പൽ ചോദിച്ചു. ട്വന്റിഫോറിന്റെ എൻകൗണ്ടർ പ്രൈം എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ മർദിച്ചുവെന്ന് ആരോപിക്കുന്ന വിദ്യാർത്ഥിയും എസ്എഫ്‌ഐക്കാരും തന്നെ ആശുപത്രി മുറിയിൽ ഇരുത്തി ഡോക്ടറെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി സംസാരിച്ചതായി പ്രിൻസിപ്പൽ വെളിപ്പെടുത്തി. ഇതിനുശേഷമാണ് കർണപടം പൊട്ടിയെന്ന റിപ്പോർട്ട് വന്നതെന്നും ഇതെല്ലാം പരിശോധിക്കപ്പെടേണ്ടതാണെന്നും ഡോ. സുനിൽ ഭാസ്കർ പറഞ്ഞു. ഡോക്ടറും എസ്എഫ്‌ഐ അനുഭാവികളായ വിദ്യാർത്ഥികളും മാറിനിന്ന് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരന്തരം ബിജെപി അനുകൂല പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത് ധാർമികമായി ശരിയാണോ എന്ന ചോദ്യത്തിന്, പ്രിൻസിപ്പലിന് രാഷ്ട്രീയം പാടില്ലെന്ന നിയമമില്ലെന്ന് ഡോ. സുനിൽ ഭാസ്കർ മറുപടി നൽകി. തനിക്ക് കൃത്യമായി രാഷ്ട്രീയമുണ്ടെന്നും എന്നാൽ വിദ്യാർത്ഥികളോട് ഒരുതരത്തിലുമുള്ള തരംതിരിവ് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രിൻസിപ്പൽമാർക്ക് സർക്കാർ ഐഎസ്‌ഐ മുദ്രയുള്ള ഹെൽമെറ്റുകൾ എത്തിച്ചുതരണമെന്ന് ഡോ. സുനിൽ ഭാസ്കർ പരിഹാസരൂപേണ പറഞ്ഞു.