ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി, എസിസി/എസ്ടി സെൽ എഡിജിപി രാജ്കുമാർ പാണ്ഡ്യനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ, താനോ കുടുംബാംഗങ്ങളോ ബാബ സിദ്ദിഖിയെ പോലെ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദി രാജ്കുമാർ പാണ്ഡ്യൻ മാത്രമായിരിക്കുമെന്ന് മേവാനി വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടൽ കേസിൽ ഏഴ് വർഷം ജയിലിൽ കിടന്ന ഈ ഉദ്യോഗസ്ഥന്റെ സ്വഭാവം ഗുജറാത്ത് സംസ്ഥാനത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം കുറിച്ചു.
ഗുജറാത്തിലെ ദളിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിനിടെ രാജ്കുമാർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ജിഗ്നേഷ് ആരോപിക്കുന്നു. കച്ച്, സുരേന്ദ്രനഗർ ജില്ലകളിലെ ഗ്രാമങ്ങളിൽ ദലിതർക്ക് അനുവദിച്ച ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് പാണ്ഡ്യനെ കാണാൻ പോയതെന്നും പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം അദ്ദേഹം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും മേവാനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഗുജറാത്ത് അസംബ്ലി സ്പീക്കർക്ക് കത്തും നൽകിയിരുന്നു.
2005 നവംബറിൽ നടന്ന സൊറാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണവിധേയനാണ് രാജ്കുമാർ. അന്ന് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡിന്റെ ഭാഗമായിരുന്ന രാജ്കുമാർ, സൊറാബുദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകളുണ്ട്. എന്തുതന്നെ സംഭവിച്ചാലും രാജ്യത്തെയും ഗുജറാത്തിലെയും ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ബഹുജനങ്ങളുടെയും അന്തസിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കി.
Story Highlights: Gujarat Congress MLA Jignesh Mevani alleges life threat from top cop accused in encounter killings