കേന്ദ്ര ജി.എസ്.ടി. നവീകരണത്തിനുള്ള പരിഷ്കരണ ശിപാർശകൾ മന്ത്രിതല സമിതി അംഗീകരിച്ചു. ഇതിലൂടെ നികുതി ഘടനയിൽ വലിയ മാറ്റങ്ങൾ വരും. ഈ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ചില സ്ലാബുകൾ ഇല്ലാതാകും.
പുതിയ പരിഷ്കരണത്തോടെ നികുതി ഘടനയിൽ 5%, 18% എന്നീ രണ്ട് സ്ലാബുകൾ മാത്രമാകും ഉണ്ടാകുക. നിലവിലുള്ള 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കാനാണ് പ്രധാന തീരുമാനം. സിഗരറ്റ്, പാന്മസാല തുടങ്ങിയവയുടെ 40 ശതമാനം ഉയർന്ന തീരുവയിൽ മാറ്റമുണ്ടാകില്ല. അതേസമയം, 28 ശതമാനം സ്ലാബിൽ ഉൾപ്പെട്ടിരുന്ന 90 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്ക് മാറ്റും.
ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് ഈ ശിപാർശയ്ക്ക് അംഗീകാരം നൽകിയത്. ഈ സമിതിയിൽ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും അംഗമാണ്. ആരോഗ്യ ഇൻഷുറൻസുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.
12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഉത്പന്നങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങളുടെ വരുമാനം കുറയുമോ, നഷ്ടപരിഹാരം നൽകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രിമാർ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജിഎസ്ടി കൗൺസിലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാകും. പുതിയ തീരുമാനങ്ങൾ രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ വിഷയത്തിൽ ജിഎസ്ടി കൗൺസിലിൻ്റെ തീരുമാനം നിർണായകമാണ്.
Story Highlights : Removal of GST 12% and 28% slabs okayed by key panel