വഖഫ് ഭേദഗതി ബില്ല് ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചു. ഇന്നോ നാളെയോ ബില്ല് അവതരിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി സമുദായിക നേതൃത്വത്തിലെ ഒരു വിഭാഗവുമായി സർക്കാർ ആശയവിനിമയം നടത്തിയിട്ടുണ്ട്. നിലവിലുള്ള വഖഫ് നിയമങ്ങളിൽ നാൽപ്പതോളം ഭേദഗതികൾ വരുത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ ഭേദഗതികൾക്ക് അനുമതി നൽകിയിരുന്നു.
വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബിൽ. ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങൾ പുതിയ നിയമം വന്നാൽ നഷ്ടമാകും. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് വഖഫ് നിയമത്തിൽ മാറ്റങ്ങൾ വരുത്തി, വഖഫ് ബോർഡിന് കൊണ്ടുവന്ന അധിക അവകാശങ്ങൾ പുതിയ ഭേദഗതികളോടെ ഇല്ലാതാവും. വഖഫ് ബോർഡ് ഏതെങ്കിലും ഭൂമിയിൽ അധികാരം ഉന്നയിച്ചാൽ അത് അനുവദിക്കുന്നതിന് മുമ്പായി നിർബന്ധമായും പരിശോധനകളുണ്ടാകും.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കുന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. ജില്ലാ കളക്ടർമാർക്കായിരിക്കും വഖഫ് വസ്തുക്കളുടെ മേൽ നിരീക്ഷണ അധികാരം. ഈ നിയമഭേദഗതികൾ വഖഫ് ബോർഡിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുകയും, വഖഫ് വസ്തുക്കളുടെ കൈകാര്യം ചെയ്യലിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരികയും ചെയ്യും.
Story Highlights: Government set to table Waqf Act Amendment Bill in Parliament soon
Image Credit: twentyfournews